സനാതന ധർമം; ഉദയനിധിക്കും പ്രിയങ്ക് ഖാർഗെക്കതിരെയും യുപിയിൽ കേസ്

Tamil

റാംപുർ: സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന ചൂണ്ടിക്കാട്ടി യുപിയിലെ റാംപുർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെക്കെതിരെയും കേസെയുത്തിട്ടുണ്ട്. ഉദയനിധിയുടെ പ്രസ്താവനെയ പിന്തുണച്ചതിനാണ് കേസ്.

അഭിഭാഷകരായ ഹർഷ് ഗുപ്ത, രാം സിങ് ലോധി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മന്ത്രിക്കെതിരെ ഹർജി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി പൊലീസിലും പരാതി ലഭിച്ചിരുന്നു.

വിവാദപരാമർശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള പരമഹംസ ആചാര്യ രംഗത്തെത്തി. ഭീഷണി ഉയർന്ന സാഹചര്യത്തിൽ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹത്തിന്‍റെ വസതിക്കു മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

Share this story