ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; വാക്കുകൾ നിയന്ത്രിക്കണമെന്ന് ഉപദേശം

മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ് സി, എസ് ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. അപകീർത്തികരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം ചീഫ് ജസ്റ്റിസ് ശരിവെച്ചു. എന്നാൽ ഷാജനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി തടഞ്ഞു. കേസിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു
മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. മുതിർന്ന മാധ്യമപ്രവർത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയെ ഉപദേശിക്കാൻ അഭിഭാഷകരോട് അദ്ദേഹം നിർദേശിച്ചു. വ്യാജ വാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരെ കേസ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷാജൻ സുപ്രീം കോടതിയെ സമീപിച്ചത്.