വേദനകളില്ലാതെ ലോകത്തേക്ക് അവൾ മടങ്ങി; കണ്ണീരോടെ യാത്രയാക്കി നാട്

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പൊതുശ്മശാനത്തിൽ ഭോജ്പുരി ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകൾ. നാട് ഒന്നാകെ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന് യാത്രമൊഴി നൽകാനായി എത്തിയിരുന്നു. വികാരനിർഭരമായ കാഴ്ചകളാണ് ആലുവയിൽ കണ്ടത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരും സഹപാഠികളുമൊക്കെ വിങ്ങിപ്പൊട്ടി. കാണാനെത്തിയ നിരവധി അമ്മമാരാണ് നിലവിളിച്ച് കടന്നുപോയത്. പലരും ആ കുരുന്നിന് പാവകളും പൂക്കളുമൊക്കെ അന്ത്യസമ്മാനമായി കരുതുകയും ചെയ്തിരുന്നു
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി ആലുവ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പിന്നീട് തായ്ക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് സ്‌കൂളിലേക്ക് കുട്ടിക്ക് യാത്ര നൽകാനായി ഒഴുകിയെത്തിയത്.