സിദ്ധിഖിന്റെ കൊലപാതകം: ഹണിട്രാപ്പല്ലെന്ന് ഫർഹാന; എല്ലാം ചെയ്തത് ഷിബിലിയും ആഷിക്കും

sidhique

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതികളിലൊരാളായ ഫർഹാന. താൻ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി ആണെന്നും ഫർഹാന പറഞ്ഞു. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിക്കു്ം ചേർന്നാണ്. 

ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താൻ അയാളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഫർഹാനയുടെ മറുപടി. ഷിബിലിയും സിദ്ധിഖും റൂമിൽ വെച്ചും തർക്കം നടന്നുവെന്നും ഫർഹാന പറഞ്ഞു. ഫർഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പുറകിൽ കൊണ്ടുവന്ന് കത്തിച്ചിരുന്നു. ഷിബിലിയും ഫർഹാനയും ധരിച്ച വസ്ത്രമാണ് കത്തിച്ചത്. 

സിദ്ധിഖ് നേരിട്ടത് ക്രൂര മർദനമെന്നാണ് കസ്റ്റഡി അപേക്ഷയിൽ നിന്ന് വ്യക്തമാകുന്നത്. ഹോട്ടൽ മുറിയിൽ വെച്ച് ഷിബിലി സിദ്ധിഖിന്റെ കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു. നിലത്തുവീണ സിദ്ധിഖിന്റെ നെഞ്ചിൽ ആഷിക്ക് ചവിട്ടി. മൃതദേഹം മൂന്നായി മുറിച്ച് മുറി പ്രതികൾ ചേർന്ന് കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
 

Share this story