ഏക സിവിൽ കോഡ്: ഇഎംഎസിന്റെ അഭിപ്രായം മാറ്റിയോ, സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് സതീശൻ

ഏക സിവിൽ കോഡിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിനോടും എം വി ഗോവിന്ദനോടും ചോദ്യമുണ്ട്. ഇഎംഎസിന്റെ അഭിപ്രായം നിങ്ങൾ മാറ്റിയോ. സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്ന് പറയുന്ന സിപിഎം ആദ്യം ഇതിന് മറുപടി പറയണം. നിങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെ മറ്റൊന്നും ഇതിൽ ഉണ്ടെന്ന് തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
അതേസമയം ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തിരുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് സിപിഎം ഇന്നലെ പറഞ്ഞിരുന്നു. ഏകപക്ഷീയമായി നടപ്പാക്കേണ്ട ഒരു നിയമമായിട്ടല്ല യൂണിഫോം സിവിൽ കോഡിനെ കണ്ടത്. മറിച്ച് പട്ടിക വർഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യ പരിഷ്‌കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ട് കഴിയുമ്പോൾ മാത്രം നടപ്പാക്കേണ്ട ഒരു കാര്യമായിട്ടാണ് ഭരണഘടനയിൽ എഴുതിവെച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാടെന്നും സിപിഎം പറഞ്ഞിരുന്നു.