ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പ്രത്യേക പരിശോധന; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

Juice

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുവർധിക്കുന്ന സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാവും പരിശോധന നടക്കുക. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ മുഴുവൻ കടകളും പരിശോധിക്കും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്‍റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടകളിൽ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ, ഏറ്റവും അപകടമായത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. ശുദ്ധജലത്തിലല്ലാതെ ഉണ്ടാക്കുന്ന ഐസ് മാരക രോഗങ്ങൾക്ക് കാരണമാവും. ആഹാര സാധനങ്ങൾ‌ ചൂടുകാലമായതിനാൽ പെട്ടെന്ന് കേടാകുന്നതിനാൽ അക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കേണ്ടത് നിർബന്ധമാണെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

വേനൽക്കാലമാണ്, നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത് ഉണ്ടാകാതെയിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. യാത്രകളിലൊക്കെ കൈയ്യിൽ വെള്ളം കരുതുന്നതാണ് ഉത്തമം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Share this story