പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പുതുക്കിയ അജണ്ടയിലും ഭാരത് പരാമർശം
Sep 18, 2023, 08:18 IST

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. നിയമ നിർമാണ സഭയുടെ 75 വർഷമെന്ന വിഷയത്തിൽ ചർച്ച നടക്കും. ഗണേശ ചഥുർഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റും. പുതുക്കിയ അജണ്ടയിലെ ബില്ലുകളിൽ വനിതാ സംവരണ ബില്ലും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റുന്ന ബില്ലും ഉൾപ്പെടുത്തിയിട്ടില്ല.
വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ഇന്നലെ ചേർന്ന സർവ കക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം അജണ്ടയിൽ ഭാരത് എന്നാണ് രാജ്യത്തിന്റെ പേര് വിശേഷിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ചർച്ച ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടിയുള്ളതെന്നാണ് പരാമർശം.