കൊട്ടാരക്കരയിൽ തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് പരുക്ക്
Jun 21, 2023, 12:41 IST

കൊട്ടാരക്കര എഴുകോണിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. വളർത്തു മൃഗങ്ങൾക്കും കടിയേറ്റു. രാത്രി 8.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്. സഹകരണ ബാങ്കിന് സമീപം തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന എഴുകോൺ സ്വദേശി ആദിത്യനെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിന് ശേഷം അവിടെ തന്നെ നിന്ന നിഷാന്ത്,ജയകുമാർ എന്നിവർക്കും നായയുടെ കടിയേറ്റു.
റോഡിൽ നിന്നവരെ കടിച്ചശേഷം അവിടെ നിന്നും രക്ഷപെട്ട നായ തൊട്ടടുത്ത വീട്ട് മുറ്റത്ത് നിന്ന വീട്ടമ്മ ശാന്തയേയും ആക്രമിച്ചു. ഇവരുടെ വലതുകൈയ്ക്കാണ് കടിയേറ്റത്. പട്ടിയുടെ കടിയേറ്റ നാല് പേരാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കടിയേറ്റ മറ്റ് ചിലരെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.