സുധാകരനും സതീശനും കണ്ണൂരിലേക്ക്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

satheeshan

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. നവകേരള സദസ് കണ്ണൂർ ജില്ലയിൽ പര്യടനം തുടരുകയാണ്. അഴീക്കോട് മണ്ഡലത്തിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. കണ്ണൂർ, ധർമടം, തലശ്ശേരി മണ്ഡലങ്ങളിലും സദസ് നടക്കും. പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ ഇന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

ഇന്നലെ പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് കണ്ണൂരിലെത്തും. സിപിഎം പ്രവർത്തകരുടെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന പ്രവർത്തകരെ ഇവർ ആശുപത്രിയിൽ സന്ദർശിക്കും

പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവരെ മർദിച്ചത്.


 

Share this story