സുപ്രീം കോടതിയുടെ ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കണം; ആവശ്യമുന്നയിച്ച് ഹൈബി ഈഡൻ
Jul 22, 2023, 14:32 IST

സുപ്രീം കോടതിയുടെ ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. കഴിഞ്ഞ ദിവസം പാർലമെന്റിൽ ചോദ്യോത്തരവേളയിലാണ് ഇക്കാര്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര നിയമവകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക പ്രസ്താവന സഭയുടെ മേശപ്പുറത്ത് വെച്ചു. ആവശ്യം അംഗീകരിക്കുന്നതായോ നിരസിക്കുന്നതായോ ഇതിൽ പറഞ്ഞിട്ടില്ല.
2020ൽ സ്വകാര്യ ബില്ലിലൂടെയും ഹൈബി ഈഡൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ദേശീയ അപ്പീൽ കോടതി എന്ന നിലയിൽ സുപ്രീം കോടതിയുടെ ബെഞ്ചുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആധികാരികമായ വിധിന്യായത്തിനായി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് സുപ്രീം കോടതി തന്നെ റഫർ ചെയ്തതാണെന്ന് കേന്ദ്രമന്ത്രി പറയുന്നു.