വിദ്യയെ തള്ളിപ്പറഞ്ഞ് ആർഷോയെ സംരക്ഷിക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് സുരേന്ദ്രൻ

മഹാരാജാസ് കോളജിൽ പരീക്ഷയിൽ കൃത്രിമം കാണിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.വിദ്യയെ തള്ളിപറഞ്ഞ് ആർഷോയെ രക്ഷിക്കാനാണ് ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു
ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ മാത്രം നടത്തിയ തട്ടിപ്പല്ലകേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. പല കോളജ് അധികൃതർക്കും ഇത്തരം തട്ടിപ്പിൽ ബന്ധമുണ്ട്. എസ്എഫ്‌ഐയും സിപിഎം അധ്യാപക സംഘടനാ നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിതെന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ കണ്ടാൽ മനസിലാകും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. യൂണിവേഴ്‌സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് തട്ടിപ്പ് മുതൽ എല്ലാ തട്ടിപ്പുകളിലും കേരള പൊലീസ് അന്വേഷിച്ച കേസുകളിൽ കുറ്റവാളികൾ എല്ലാം രക്ഷപ്പെടുകയായിരുന്നു. വ്യാജ ഡോക്ടറേറ്റ് നേടുന്നതുമായി ബന്ധപ്പെട്ട ഒരു കേസുകളിലും പുരോഗതിയുണ്ടായിട്ടില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്രയും നിന്ദ്യമായ കാര്യങ്ങൾ പുറത്തുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കൊടും ക്രിമിനലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. മഹാരാജാസ് കോളജ് പ്രിൻസിപ്പാൾ നിലപാട് മാറ്റിയതിന് പിന്നിൽ ഭയമാണ്. വാദിയെ പ്രതിയാക്കുന്ന നിലപാടാണ് കോളജ് അധികൃതർ എടുക്കുന്നത്.