ടി.വീണയുടെ കമ്പനി ഇപ്പോഴില്ല, ഒന്നും മറച്ചുവയ്ക്കാനില്ല; മിണ്ടിയാലും ഇല്ലെങ്കിലും മാധ്യമങ്ങൾക്ക് പ്രശ്നം: എം വി ഗോവിന്ദന്‍

Govindan

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഈ വിവാദത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

വീണ വിജയൻ്റെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്നും രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ എങ്ങനെ പുറത്തു പറയുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് പരിപാടി എളയാവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ മാധ്യമങ്ങളടക്കമാണ് ആക്രമണം നടത്തുന്നത്. ഇതിൻ്റെ ശരിയായ വശം വ്യക്തമായി പറഞ്ഞു കൊടുത്തിട്ടും മനസിലാകാത്തതു പോലെ നടിക്കുകയാണ്. എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും മാധ്യമങ്ങൾക്കു പ്രശ്നമാണ്. മാധ്യമങ്ങൾക്കു കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ട്. സർക്കാരിനെ കടന്നാക്രമിക്കാമെന്ന ധാരണയിൽ നേതാക്കളുടെ മക്കൾക്കു നേരെ ആരോപണം നടത്തുന്ന വ്യത്യസ്തമായ മാർഗമാണു വലതുപക്ഷ മാധ്യമങ്ങളും അവരുടെ കൂട്ടാളികളും സ്വീകരിക്കുന്നത്. ഇതുപോലെ വേറെ എവിടെയുമില്ല.

കമ്പനി വാങ്ങിയ പണത്തിനു സേവനം നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാര്‍ട്ടിയുടെ കണക്കില്‍പെടുത്തേണ്ട. മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. പാര്‍ട്ടിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. കോടിയേരി ബാലകൃഷ്ണൻ്റെ മക്കളുടെ കാര്യം വന്നപ്പോള്‍ സിപിഎം നിലപാടെടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാട്. അക്കാര്യത്തില്‍ ഒരു മൗനവുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Share this story