താനൂര്‍ ബോട്ട് അപകടം; മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും, പ്രതിപക്ഷ നേതാവും എത്തും

CM

മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. നിലവില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടസ്ഥലം സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാവിലെ എത്തിച്ചേരും. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 'മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകള്‍, പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗം, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു', മുഖ്യമന്ത്രി പറഞ്ഞു

വൈകിട്ട് ആറരയോടെയാണ് താനൂര്‍ ഒട്ടുംപുറം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മുങ്ങി അപകടമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ 20 പേരാണ് ഇതുവരെ മരിച്ചത്. നിരവധി പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Share this story