താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവ്

Thannur

കൊച്ചി: താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സിബിഐയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസ് ഡയറിയും മറ്റു രേഖകളും ഉടൻ തന്നെ കൈമാറണം. അന്വേഷണത്തിന് അവശ്യമായ എല്ലാ സഹായങ്ങളും സിബിഐക്കു നൽകാനും ഉത്തരവിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കേസാണിതെന്നും ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡിലെ അംഗങ്ങളാണു കേസിലെ പ്രതികൾ. കേസിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും താനൂർ ഡിവൈഎസ്പിക്കും താനൂർ സിഐക്കുമെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. കേസിലെ പ്രതികളാരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നുമില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നു താമിർ ജിഫ്രിയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കൊല്ലപ്പെട്ട താമിർ ജിഫ്രിക്കൊപ്പം പിടിയിലായവർക്ക് ജയിലിൽ ക്രൂരമർദനമേറ്റെന്നു ചൂണ്ടിക്കാട്ടി ലഹരിമരുന്നു കേസിലെ രണ്ടാം പ്രതി മൻസൂറിന്‍റെ പിതാവ് കെ.വി. അബൂബക്കറും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

പ്രതികളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നെന്ന മൊഴി ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്ന് ഹർജിയിൽ പറയുന്നു. ലഹരി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി.എം. താമിർ ജിഫ്രി ആഗസ്റ്റ് ഒന്നിനാണ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്വാധീനത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചും കേസിൽ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമായതിനാൽ കേസന്വേഷണം ഉടൻ ഏറ്റെടുക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ബോധിപ്പിച്ച കേസിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ജസ്റ്റിസ്‌ പി.വി കുഞ്ഞികൃഷ്‌ണന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നില്ല

Share this story