കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്റെ അപകട മരണം കൊലപാതകം? പ്രതിക്കായി ഊർജിത തെരച്ചിൽ

kattakkada

കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. പ്രതി പ്രിയരഞ്ജന് എതിരെ കൊലപാതക കുറ്റം ചുമത്തും. മാതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്.

വിദേശത്ത് ജോലി ചെയ്തിരുന്ന പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. ഇയാൾ കേരളം വിട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 30നാണ് 15 വയസ്സുകാരനായ ആദിശേഖറിനെ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിൽ വെച്ച് പ്രിയരഞ്ജൻ കാറിടിച്ച് കൊന്നത്. 

ആദ്യം ദുരൂഹത സംംശയിച്ചിരുന്നില്ലെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ മനപ്പൂർവം വണ്ടി ഇടിപ്പിച്ചതാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം ഇയാൾക്കുണ്ടായിരുന്നു. അപകട ശേഷം വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രിയരഞ്ജൻ ഒളിവിലാണ്.
 

Share this story