സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്ന് സർവകക്ഷി യോഗം

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗം അവസാനിച്ചു. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്
ഒറ്റപ്പപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹാപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടു പോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. കിംവദന്തികൾ പടർത്തുന്നതിന് പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.