അക്രമി ചുവന്ന ഷർട്ട് ധരിച്ച തൊപ്പി വെച്ചയാൾ; ബൈക്കിൽ രക്ഷപ്പെട്ടു, സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

train

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തെരച്ചിൽ ഊർജിതം. ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയയുടനെ റോഡിലേക്ക് ഇറങ്ങുന്നതും ഇവിടെ കാത്തുനിന്ന ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളെ കാത്തു തന്നെയാണ് ബൈക്ക് ഇവിടെ നിന്നിരുന്നത്. ഇതിലൂടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമാകുകയാണ്

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയുടെതാണ് ഈ ബൈക്കെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചുവന്ന ഷർട്ടും തൊപ്പിയും വെച്ചയാളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പി പെട്രോളും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

രാത്രി 9.30ന് ഏലത്തൂർ സ്‌റ്റേഷൻ വിട്ട് മുന്നോട്ടു നീങ്ങിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്. ട്രെയിനിലെ ഡി 2 കോച്ചിൽ നിന്നും രണ്ട് കുപ്പി പെട്രോളുമായി അക്രമി ഡി 1 കോച്ചിലേക്ക് വരികയായിരുന്നു. യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ പൊടുന്നനെ ഒഴിക്കുകയും തീയിടുകയുമായിരുന്നു. തീ ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു

എന്നാൽ ഡി വൺ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിൽ ആയതിനാൽ ആർക്കും പുറത്തിറങ്ങാൻ ആയില്ല. ഇതിനിടെ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് നിർത്തിയ ശേഷമാണ് പൊള്ളലേറ്റവരെ ആംബുലൻസുകളിലേക്ക് മാറ്റിയത്. പതിനഞ്ചോളം പേർക്കാണ് പരുക്കേറ്റത്. 

9 പേർക്ക് സാരമായി പരുക്കേറ്റു. ഇതിൽ 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീയിട്ടയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ചുവന്ന ഷർട്ട് ധരിച്ച് തൊപ്പി വെച്ച ആളാണ് അക്രമം നടത്തിയതെന്ന് യാത്രക്കാർ മൊഴി നൽകി. പാപ്പിനിശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ സുഹ്‌റ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്.
 

Share this story