കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ് എഫ് ഐ ക്യാമ്പസുകളിൽ തുടരുന്നത് അനുവദിക്കാനാകില്ല

കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ കെ എസ് യു നേതാവ് സാഞ്ചോസിനെ മർദിച്ചതിലൂടെ എസ് എഫ് ഐ ക്രിമിനൽ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ് എഫ് ഐ ക്രിമിനലുകൾക്ക് ചോരക്കൊതി മാറുന്നില്ല. 

കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ് എഫ് ഐ ക്യാമ്പസുകളിൽ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല. സാഞ്ചോസിനെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ എംഎൽഎമാരായ എം വിൻസെന്റിനെയും ചാണ്ടി ഉമ്മനെയും എസ് എഫ് ഐ ക്രിമിനലുകൾ ആക്രമിച്ചു. പോലീസ് സംരക്ഷണയിലാണ് എംഎൽഎമാരെ കയ്യേറ്റം ചെയ്തത്. 

ക്രിമിനലുകൾക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരളാ പോലീസ് അധഃപതിക്കരുത്. എസ് എഫ് ഐ സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാരന് പരുക്കേറ്റതിന്റെ പേരിൽ യുഡിഎഫ് എംഎൽഎമാർക്കും കെ എസ് യു പ്രവർത്തകർക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികൾക്കൊപ്പമാണെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു
 

Share this story