അരിക്കൊമ്പനെ മാറ്റാനുള്ള മുഴുവൻ ചെലവും സാബു വഹിക്കുമോയെന്ന് കോടതി; ഹർജി തള്ളി

അരിക്കൊമ്പന് ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സ് മുതലാളിയും ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്ററുമായി സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തള്ളി. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഹർജിയെ കോടതിയിൽ എതിർത്തു. അരിക്കൊമ്പന് സംരക്ഷണമൊരുക്കുക, കേരളത്തിലേക്ക് കൊണ്ടുവരിക, ആനയ്ക്ക് ചികിത്സ ലഭ്യമാക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് സാബു ഉന്നയിച്ചത്
എന്നാൽ എന്തുകൊണ്ട് ഇടപെടണമെന്ന് വിശദീകരിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്നത് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. ഹർജിക്കാരന്റെ സത്യസന്ധതയിൽ സംശയമുണ്ടെന്നും ഹൈക്കോടതി തുറന്നടിച്ചു.
കേരള സർക്കാർ കടബാധ്യതയിലാണ്. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ആണെങ്കിൽ ബിസിനസിൽ മികച്ച് നിൽക്കുന്നു. തമിഴ്‌നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചെലവും സാബു വഹിക്കുമോ. സാബുവിന് മുഴുവൻ ചെലവും വഹിക്കാമല്ലോ, രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയല്ലേയെന്നും കോടതി പരിഹസിച്ചു
പൊതുതാത്പര്യ ഹർജിയിൽ പൊതുതാത്പര്യമുണ്ടാകണം. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവമുണ്ടോയെന്നും കോടതി ചോദിച്ചു. തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.