ക്യാമറയുടെ വിലയും സാങ്കേതിക കാര്യങ്ങളും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല; ഞാന്‍ മന്ത്രിയാകുന്നതിന് മുന്‍പ് പദ്ധതി ആരംഭിച്ചു: കൈമലര്‍ത്തി ഗതാഗതമന്ത്രി ആന്റണി രാജു

എഐ ക്യാമറകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ് ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ പദ്ധതി തയ്യാറാക്കാനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ചുമതല ഏല്‍പ്പിച്ചത്. 2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. 2021-ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു, ആന്റണി രാജു വ്യക്തമാക്കി.
പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണെന്നും അദേഹം പറഞ്ഞു.. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് എഐ ക്യാമറയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് സ്ഥാപിച്ചതിനു ശേഷംതന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിതായും മന്ത്രി അവകാശപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സ്ഥാപിച്ച എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നു രാവിലെ ആരോപിച്ചിരുന്നു. . എഐ പദ്ധതിയുടെ പേരില്‍ റോഡുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്ന് 75 കോടി രൂപക്ക് കരാര്‍ ഉണ്ടായിരുന്നതായി അദേഹം വ്യക്തമാക്കി. ഇത് 232 കോടി രൂപയായി മാറിയതിന് പിന്നില്‍ വന്‍ കൊള്ള നടന്നിട്ടുണ്ട്. അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഇല്ലെങ്കില്‍ താന്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യം വ്യക്തമാക്കുന്ന കെല്‍ട്രോണും സ്വകാര്യ കമ്പനികളും ചേര്‍ന്നുള്ള കരാര്‍ രേഖകകള്‍ അദേഹം പുറത്തുവിട്ടു. കെല്‍ട്രോണിനെ സര്‍ക്കാര്‍ പദ്ധതി ഏല്‍പ്പിച്ചപ്പോള്‍ ബംഗളുരു ആസ്ഥാനമായുള്ള എസ്ആര്‍ഐടിക്ക് അവര്‍ കൈമാറി. ഇക്കാര്യത്തിലെ ടെണ്ടര്‍ നടപടികള്‍ അവ്യക്തമാണ്. 151.22 കോടിക്കായിരുന്നു ഈ കരാര്‍. എസ്ആര്‍ഐടി ഇത് വീണ്ടും രണ്ട് കമ്പനികള്‍ക്ക് വീതിച്ചു കൊടുത്തു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്‌നിംഗ് ഇന്ത്യ ലിമിറ്റഡ് കോഴിക്കോട്ടെ പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഏല്‍പ്പിച്ചത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റര്‍ക്കും 60 ശതമാനം പ്രിസാദിയോയ്ക്കും കൊടുക്കാമെന്നും തീരുമാനമായി. എന്നാല്‍ ലൈറ്റ് മാസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇവരണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.