ഉന്നതോദ്യോസ്ഥരുടെ പേരിൽ മാമ്പഴം വാങ്ങി മുങ്ങിയ സംഭവം; പോലീസുകാരന് സ്ഥലം മാറ്റം

Police

തിരുവനന്തപുരം പോത്തൻകോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്ഥലം മാറ്റം. തിരുവനന്തപുരം എ ആർ ക്യാമ്പിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ എന്ന പേരിലാണ് പോലീസുകാരൻ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസി. കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരിൽ മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിച്ച് കടക്കുകയായിരുന്നു

പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എംഎസ് സ്റ്റോഴ്‌സ് കടയുടമ ജി മുരളീധരൻ നായരുടെ കടയിൽ നിന്നാണ് പോലീസുകാരൻ കഴിഞ്ഞ മാസം 800 രൂപക്ക് അഞ്ച് കിലോ പഴുത്ത മാങ്ങ വാങ്ങിയത്. ഉന്നത ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം നൽകുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറിൽ മാങ്ങയുമായി കടന്നത്. സിഐയും എസ് ഐയും കടയിൽ സ്ഥിരമായി വരുന്നതിനാൽ കടക്കാരന് സംശയവും തോന്നിയില്ല. 

ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറയുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് തിരച്ചറിയൽ പരേഡ് നടത്തിയാണ് പോലീസുകാരനെ തിരിച്ചറിഞ്ഞത്. അതേസമയം പോലീസുകാരന് സംഭവത്തിൽ പങ്കില്ലെന്നും സംഭവസമയം പോലീസ് ഉദ്യോഗസ്ഥൻ സ്‌റ്റേഷനിലായിരുന്നു എന്നുമാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ട്.
 

Share this story