ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

sarun

ഇടുക്കി ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വി സി ലെനിനാണ് അറസ്റ്റിലായത്. കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി(24) എന്ന ആദിവാസി യുവാവിനെതിരെയായിരുന്നു കേസ്. വകുപ്പ് തലത്തിലുള്ള ഉയർച്ചക്ക് വേണ്ടിയാണ് കള്ളക്കേസ് എടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

കേസിൽ രണ്ടാം പ്രതിയാണ് ലെനിൻ. കേസിലെ ആദ്യ മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നത്. ബാക്കിയുള്ള പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. 

2022 സെപ്റ്റംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് സരുണിനെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു കേസ്. വനംവകുപ്പ് എടുത്ത കേസ് വ്യാജമാണെന്ന് ഉന്നതതല അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
 

Share this story