അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഹൈക്കോടതിയിൽ ഹർജി നൽകും

arikomban

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. നെന്മാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിഷയത്തിൽ കോടതി ചോദിച്ചാൽ മറുപടി നൽകുമെന്നും എന്നെന്നേക്കുമായി വിഷയം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ തുടരുന്നതിനിടെയാണ് ജനകീയ സമിതി നിയമ പോരാട്ടത്തിലേക്കും കടക്കുന്നത്. കഴിഞ്ഞദിവസം നിയമവിദഗ്ധരുടെ ഉൾപ്പെടെ യോഗം ചേർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനമായത്. ഇന്ന് മുതലമടയിൽ ജനകീയ പ്രതിഷേധ സമിതി സമരം നടത്തും. കൂടാതെ മുതലമട പഞ്ചായത്ത് സർവകക്ഷി പ്രതിനിധികൾ പറമ്പിക്കുളം ഡിഎഫ് ഓഫീസ് ധർണയും ഇന്ന് നടത്തും

നാളെ മുതലമട പഞ്ചായത്തിൽ സർവ്വകക്ഷി പ്രതിനിധികൾ ഹർത്താലിന് ഉൾപ്പെടെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനകീയ സമിതിയുടെ ഹർജിയിൽ കോടതി എന്തുപറയും എന്നത് നിർണായകമാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട് കലക്ടറെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു

Share this story