രാജ്യത്തെ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം; രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി

CM Pinarayi Vijayan

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. പോലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും ഇവിടെ എത്തിയിട്ടുണ്ട്. 

ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തിൽ പ്രത്യേകമായ ഇടപെടൽ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കിൽ അതിനവർ തയ്യാറാകേണ്ടി വരും. എന്നാൽ അത് വേണ്ടി വന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ ഒരു പ്രത്യേക വിഭാഗത്തിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ നമുക്കതിൽ ആശങ്കപ്പെടാനില്ല. കേരളം മതനിരപേക്ഷത നല്ല രീതിയിലുള്ള നാടാണ്. എന്നെയോ സർക്കാരിനെയോ മുന്നണിയെയോ ഇകഴ്ത്താൻ വേണ്ടി കേരളത്തെയാകെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അതിലൊന്നും കേരളത്തിൽ ഒരാശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
 

Share this story