1000 കോടി പിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാജമെന്ന് മന്ത്രി; ബാലഗോപാലിന്റെ വാദം പൊളിച്ച് മീഡിയ വണ്‍: തെളിവുകള്‍ പുറത്തുവിട്ടു

Kerala

മോട്ടോര്‍വാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നുള്ള മീഡിയ വണ്‍ വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നും വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെന്നായിരുന്നു എന്നാണ് മീഡിയവണ്‍ വാര്‍ത്ത നല്‍കിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതാണ് മന്ത്രി തള്ളിയത്.

എന്നാല്‍, മന്ത്രിയുടെ വാദം പൊളിക്കുന്ന രേഖ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1000 കോടി പിഴപ്പിരിവിന് നിര്‍ദേശം നല്‍കിയത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ്. ജോയിന്റ് ആര്‍.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചത് ഫെബ്രുവരി 17നാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന്റെ പകര്‍പ്പ് മീഡിയവണ്‍ പുറത്തുവിട്ടു.

Share this story