പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ വെല്ലുവിളി'; ജനങ്ങള്‍ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

Chandi

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കും പിതാവ് അമ്പത്തിമൂന്ന് വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് വെല്ലുവിളിയാണ്. ആ തരത്തില്‍ പാര്‍ട്ടി വലിയ വെല്ലുവിളിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി അറിയിക്കുന്നു.

വികസനം എന്നത് സാധാരണക്കാരന്റെ ജീവിതത്തെ മാറ്റുന്നതാണ്. സാധാരണക്കാരന്റെ കൈത്താങ്ങാന്‍ ഇവിടുത്തെ എംഎല്‍എയ്ക്ക് കഴിഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു

ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസിൻ്റെ National Outreach Cell അധ്യക്ഷനാണ് ചാണ്ടി ഉമ്മൻ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം അംഗവുമായിരുന്നു ചാണ്ടി ഉമ്മൻ.

കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് എഐസിസി അംഗീകാരത്തോടെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 

Share this story