സീലും ഒപ്പും കോളജിന്റേതല്ല; വിദ്യ ഉണ്ടാക്കിയത് വ്യാജ സർട്ടിഫിക്കറ്റെന്ന് മഹാരാജാസ് കോളജ് വൈസ് പ്രിൻസിപ്പൽ

കെ വിദ്യ വ്യാജരേഖ ചമച്ച കേസിൽ മഹാരാജാസ് കോളജിൽ പോലീസ് തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ, മലയാള വിഭാഗം അധ്യാപകൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഡി.വൈ.എസ്.പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അഗളി പോലീസ് സംഘമാണ് കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
വിദ്യയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമാണെന്ന് വൈസ് പ്രിൻസിപ്പൽ ബിന്ദു ഷർമിള അറിയിച്ചു. വിദ്യ സമർപ്പിച്ച രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണ്. അതിലുള്ള എംബ്ലം മഹാരാജാസിൽ നിന്നും ഇഷ്യു ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറെ നിയമിച്ചിട്ടില്ല. മറ്റൊരു സ്‌കോളർഷിപ്പിന് നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പം സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജരേഖയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നതെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു.