വിഴിഞ്ഞം തീരത്തേക്ക് കപ്പൽ എത്തി; സാൻ ഫെർണാണ്ടോയുടെ ബെർത്തിംഗ് 9 മണിയോടെ

vizhinjam

വിഴിഞ്ഞം തുറമുഖത്തിലേക്ക് കപ്പൽ എത്തുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. രാവിലെ ഏഴേ കാലോടെയാണ് വിഴിഞ്ഞം തീരത്തേക്ക് കപ്പൽ എത്തിയത്. ഒമ്പത് മണിയോടെ ബെർത്തിംഗ് നടക്കും. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിക്കും. തുറമുഖ മന്ത്രി വി എൻ വാസവൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും

നാളെയാണ് ട്രയൽ റൺ. 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്‌നറുകൾ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളുമായാണ് മെസ്‌ക് ലൈൻ കപ്പൽ കമ്പനിയുടെ സാൻ ഫെർണാൻഡോ തുറമുഖത്ത് എത്തുന്നത്. ഇതിൽ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി നാളെ വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക് തിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സംസ്ഥാന മന്ത്രിമാർ എന്നിവർ ചേർന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. ചടങ്ങിൽ അദാനി പോർട്‌സ് സിഇഒ കരൺ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയൽറൺ തുടരും. ജൂലൈയിൽ തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോർട്‌സ് അറിയിച്ചു.

Share this story