നിപ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലെ 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിൽ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി ഇടപഴകിയ ആളും ഇതിലുൾപ്പെടും. ആശങ്ക കുറയുന്നുണ്ടെങ്കിലും ജില്ലയിൽ കർശന നിയന്ത്രണം തുടരും. തുടർച്ചയായി മൂന്നാം ദിവസവും നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിന് പുറമെ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിൽ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പർക്ക പട്ടികയിൽ ഇപ്പോഴുള്ളത്. കേന്ദ്ര സംഘം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചർച്ച നടത്തി. കേന്ദ്ര സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇന്ന് മടങ്ങും. പോസിറ്റീവായി ചികിത്സയിലുള്ള നാല് പേരുടെയും നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.