പാലക്കാട് ജില്ലാ ആശുപത്രിയിൽ 92.63 ലക്ഷം രൂപയുടെ എക്‌സ് റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചു

palakkad

പാലക്കാട് ജില്ലാ ആശുപത്രിയിൽ 92.63 ലക്ഷം രൂപയുടെ എക്‌സ് റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്. സൗജന്യമായി കിട്ടിയ എക്‌സ് റേ യൂണിറ്റാണ് നശിച്ചത്. 2021 മാർച്ച് മൂന്നിനാണ് സാംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്‌സ് റേ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്.

ഇതേ വർഷം ഒക്ടോബർ 21നാണ് എക്‌സ് റേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരൻ സൂപ്രണ്ടിനെ അറിയിച്ചത്. ഒരിക്കൽ പോലും ഉപയോഗിക്കുന്നതിന് മുമ്പാണ് യൂണിറ്റ് കേടായത്. പരാതി ഉയർന്നതോടെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ റിപ്പോർട്ടിലാണ് എലി കടിച്ച് നശിപ്പിച്ചതായി പറയുന്നത്. 

എലി കടിച്ച് നശിപ്പിച്ച ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നൂറുകണക്കിന് എക്‌സ് റേ കേസുകൾ ദിവസേന എത്തുന്ന ആശുപത്രിയിൽ സജ്ജമായ രണ്ട് എക്‌സ് റേ യൂണിറ്റുകളാണുള്ളത്.
 

Share this story