മന്ത്രിസഭാ പുനഃസംഘടനയുണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്ന് ഇ പി

ep

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാർത്തകളാണ്. ഇടതുമുന്നണിയോ സിപിഎമ്മോ ഏതെങ്കിലും പാർട്ടിയോ ആലോചിച്ചിട്ടില്ലാത്ത വിഷയമാണിത്. കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. 

തങ്ങൾ ആരും അറിയാത്ത വാർത്തയാണിത്. മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇടത് മുന്നണി ധാരണ അനുസരിച്ച് മുന്നോട്ടു പോകും. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടര വർഷം പൂർത്തിയാക്കാൻനവംബർ വരെ സമയമുണ്ടെന്നും പുനഃസംഘടന ഉണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റി നിർത്തേണ്ട കാര്യമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. 

ഇടതുമുന്നണി യോഗം 20ന് ചേരും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികളാകും ചർച്ച. സോളാർ കേസിൽ അന്വേഷണം വേണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തന്നെ പറഞ്ഞതാണ്. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കോൺഗ്രസ് അതിന് തയ്യാറാകുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
 

Share this story