53 കൊല്ലം ഉമ്മൻ ചാണ്ടി എന്ത് ചെയ്തുവെന്നതിന്റെ ഉത്തരമാണ് ഈ വലിയ വിജയം: അച്ചു ഉമ്മൻ
Sep 8, 2023, 11:13 IST

53 കൊല്ലം ഉമ്മൻ ചാണ്ടി ഉള്ളംകൈയിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമെന്ന് അച്ചു ഉമ്മൻ. ഇത് സമാനതകളില്ലാത്ത വിജയമാണ്. ഇടതുമുന്നണിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകി യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻ ചാണ്ടിക്ക് നൽകിയത്
ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതിക്രൂരമായി വേട്ടയാടി. അവരുടെ മുഖത്തുള്ള കനത്ത പ്രഹരമാണ് ഈ ഫലം. വിജയത്തിന്റെ ഇടിമുഴക്കമാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ഇവിടെ എന്ത് ചെയ്തുവെന്ന് ആവർത്തിച്ച് ചോദിച്ച ചോദ്യമാണ്. അതിന് പുതുപ്പള്ളി നൽകിയ മറുപടിയാണ് ഈ വിജയമെന്നും അച്ചു ഉമ്മൻ പറഞ്ഞു.