വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണം; സഭയിൽ അടിയന്തര പ്രമേയ ചർച്ച

assembly

സോളാർ ഗൂഢാലോചനയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വി എസ് അച്യുതാനന്ദനെ പോലുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു

കത്തിന്റെ പുറത്താണ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം തിരിച്ചുവിട്ടത്. ജയിലിൽ വെച്ച് പരാതിക്കാരി എഴുതിയ കത്തിൽ പിന്നീട് പേജുകളുടെ എണ്ണം കൂടി. ഉമ്മൻ ചാണ്ടിയെ വ്യാജ കത്തുകളുണ്ടാക്കി വേട്ടയാടി. ലൈംഗിക ആരോപണം വരെ ഉന്നയിച്ചു. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ച് വേട്ടയാടിയവർ മാപ്പ് പറയണം. ഗണേഷ് കുമാറിന്റെ പിഎ കത്ത് കൈപ്പറ്റിയെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ അന്നത്തെ ഭർത്താവ് ബിജു രാധാകൃഷ്ണൻ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടില്ലെന്നും ഷാഫി പറഞ്ഞു


 

Share this story