പ്രിയ നേതാവിന് അന്ത്യയാത്ര നൽകാൻ ഒഴുകിയെത്തി ആയിരങ്ങൾ; മമ്മൂട്ടിയും ദിലീപും സുരേഷ് ഗോപിയും കോട്ടയത്ത്
Jul 20, 2023, 11:47 IST

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. ആയിരക്കണക്കിനാളുകളാണ് കോട്ടയത്തേക്ക് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനായി ഒഴുകിയെത്തുന്നത്. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസും നേതാക്കളും പാടുപെടുകയാണ്.
ഇന്നലെ രാവിലെ 7 മണിയോടെ ആരംഭിച്ച വിലാപ യാത്ര ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കോട്ടയം നഗരത്തിലെത്തിയത്. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങിയവർ തിരുനക്കര മൈതാനിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വള്ളക്കാൽ വീട്ടിലേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ മാത്രം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.