മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; നവകേരള സദസിന്റെ സുരക്ഷ വർധിപ്പിക്കും
Nov 16, 2023, 14:41 IST

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട നവകേരള സദസ് അടുത്താഴ്ച നടക്കാനിരിക്കെ കോഴിക്കോട് ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ലഭിച്ച ഭീഷണിക്കത്ത് ഗൗരവത്തോടെ കണ്ട് രഹസ്യാന്വേഷണ വിഭാഗം. ജില്ലയിൽ പരിശോധനകളും കർശനമാക്കും. ഇന്നലെയാണ് കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന് ഭീഷണിക്കത്ത് കിട്ടിയത്.
പിണറായി സർക്കാരിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്ത് കിട്ടിയ കാര്യം കലക്ടറും രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് കലക്ടർ സ്‌പെഷ്യൽ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്
കേന്ദ്ര ഏജൻസികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. ഇതോടെ നവകേരള സദസ്സിന് സുരക്ഷ വർധിപ്പിച്ചേക്കും. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.