തൃശ്ശൂരിലെ സ്‌കൂളിൽ തോക്കുമായി എത്തിയ പൂർവ വിദ്യാർഥി ക്ലാസ് മുറിയിൽ കയറി വെടിയുതിർത്തു
Nov 21, 2023, 12:33 IST

തൃശ്ശൂരിലെ സ്‌കൂളിൽ തോക്കുമായി എത്തിയ പൂർവ വിദ്യാർഥി ക്ലാസിൽ കയറി വെടിയുതിർത്തു. തൃശ്ശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം. തോക്കുമായി എത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിവെച്ചത്. മുകളിലേക്കാണ് വെടിയുതിർത്തത്.
സംഭവത്തിൽ ആർക്കും പരുക്കില്ല. മുളയം സ്വദേശി ജഗനാണ് വെടിയുതിർത്തത്. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ജഗൻ ലഹരിക്ക് അടിമയാണെന്നാണ് വിവരം. വെടിവെച്ച ശേഷം സ്‌കൂളിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജഗനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാൾക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്.