ട്വിസ്റ്റിന് പിന്നാലെ ട്വിസ്റ്റ്: നൗഷാദ് കൊല്ലപ്പെട്ടിട്ടില്ല, തൊടുപുഴ ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി

afsana

പത്തനംതിട്ട കലഞ്ഞൂർ നൗഷാദ് തിരോധാന കേസിൽ വീണ്ടും ട്വിസ്റ്റ്. കൊല്ലപ്പെട്ടെന്ന് ഭാര്യ അഫ്‌സാന പറഞ്ഞ നൗഷാദിനെ പോലീസ് കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. നൗഷാദിനെ താൻ കൊന്ന് കുഴിച്ചു മൂടിയതായി അഫ്‌സാന ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരുമായി പലയിടത്തും തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരു തുമ്പും പോലീസിന് ലഭിച്ചിരുന്നില്ല

മൊഴികൾ പലവട്ടം മാറ്റിപ്പറഞ്ഞ് പോലീസിനെ വലക്കുന്ന സമീപനമാണ് അഫ്‌സാന സ്വീകരിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ അഫ്‌സാനയുടെ എല്ലാ മൊഴികളും കളവമാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ നൗഷാദിനായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. നൗഷാദിന്റെ ചിത്രങ്ങളും വാർത്തകളും ഈ സമയം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊടുപുഴയിൽ നിന്ന് ഇയാളെ കണ്ടെത്താൻ പോലീസിന് സഹായകരമായത്.

2021 നവംബറിലാണ് നൗഷാദിനെ കാണാതായത്. ആറ് മാസം മുമ്പ് അഫ്‌സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അടൂരിൽ വെച്ച് നൗഷാദിനെ കണ്ടതായി അഫ്‌സാന പറഞ്ഞത് അറിഞ്ഞാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിൽ നൗഷാദിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്‌സാന പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വീട് അടക്കമുള്ള പ്രദേശങ്ങളിലും സമീപത്തെ സെമിത്തേരിയിലുമൊക്കെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല

ചോദ്യം ചെയ്യലിനിടെ താൻ ഏതുവിധേനയും നൗഷാദിനെ തിരികെ എത്തിക്കുമെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതോടെയാണ് നൗഷാദ് കൊല്ലപ്പെട്ടിട്ടില്ലെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. നാടുവിട്ട നൗഷാദിനെ തിരികെ എത്തിക്കാനുള്ള അഫ്‌സാനയുടെ നാടകമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന സൂചനയാണ് പോലീസിനുള്ളത്. നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. 


 

Share this story