രണ്ട് മരണം, സമാന ലക്ഷണങ്ങളോടെ നാല് പേർ ആശുപത്രിയിൽ; നിപ ഭീതിയിൽ കോഴിക്കോട്

nipa

നിപ സംശയത്തോടെ കോഴിക്കോട് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാല് പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും

പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ നിപ സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോക്കോൾ നടപടികളിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്

ആദ്യ മരണം ഓഗസ്റ്റ് 30നായിരുന്നു. എന്നാൽ നിപ സംശയങ്ങൾ ഈ ഘട്ടത്തിലുണ്ടായിരുന്നില്ല. പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാന രോഗലക്ഷണം കണ്ടത്. പിന്നാലെ ഈ രോഗിയും മരിച്ചതോടെ ആരോഗ്യവിഭാഗത്തിന് സംശയം തോന്നി. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെയാണ് നിപയാണെന്ന സംശയം ബലപ്പെട്ടത്

ആദ്യം മരിച്യാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ഒമ്പത് വയസ്സുകാരനായ ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരാണ് മരിച്ചത്. 2021ൽ വീണ്ടും നിപ റിപ്പോർട്ട് ചെയ്തു. ഒരാൾ മരിച്ചു. തുടർന്ന് രണ്ട് വർഷത്തോളം നിപ റിപ്പോർട്ട് ചെയ്തിരുന്നില്ല.
 

Share this story