സുജിതക്കായി പോലീസ് സ്‌റ്റേഷൻ മാർച്ചുമായി യുഡിഎഫ്; തലേ ദിവസം സ്വന്തം നേതാവ് തന്നെ അറസ്റ്റിൽ

sujitha

തുവ്വൂരിൽ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടെ കൊലപാതകത്തിൽ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവും അച്ഛനും സഹോദരങ്ങളും അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ സുജിതക്കായുള്ള അന്വേഷണത്തിൽ സജീവമായി മുൻനിരയിലുണ്ടായിരുന്ന വിഷ്ണുവാണ് കൊലപാതകം നടത്തിയതിന് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു

സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നാളെ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്വന്തം നേതാവ് തന്നെ അറസ്റ്റിലായി യുഡിഎഫിന് കനത്ത നാണക്കേട് സമ്മാനിച്ചിരിക്കുന്നത്. സുജിതയുടെ തിരോധാനം, അന്വേഷണം കാര്യക്ഷമമാക്കുക, ദുരൂഹത നീക്കുക എന്നീ മുദ്രവാക്യങ്ങളുമായാണ് യുഡിഎഫ് പോലീസ് സ്‌റ്റേഷൻ മാർച്ച് ആഗസ്റ്റ് 23ന് തീരുമാനിച്ചത്. 

സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്. സുജിതയുമായി വിഷ്ണുവിന് നേരത്തെ ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. കടം വാങ്ങിയ പണം തിരിച്ചു നൽകാമെന്ന് പറഞ്ഞാണ് സുജിതയെ വിഷ്ണു വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മരണം ഉറപ്പാക്കാൻ കെട്ടിത്തൂക്കി. തുടർന്നാണ് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ടത്.
 

Share this story