ഏക സിവിൽ കോഡ്: സിപിഎം കൺവെൻഷനിലേക്ക് മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണം

cpm league

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിൽ സിപിഎം വിളിച്ചുചേർത്ത പ്രത്യേക കൺവെൻഷനിൽ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം. കഴിഞ്ഞ ദിവസം വൈകീട്ട് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എന്നാൽ സെമിനാറിൽ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. നേതാക്കളുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഇന്ന് മലപ്പുറത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സമസ്തയുമായും വിഷയം ചർച്ച ചെയ്തെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു. 


ഏകീകൃത സിവിൽ കോഡിനെതിരെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗിന്റേത് ശരിയായ നിലാപാടെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. രാജ്യത്ത് മത ദ്രുവീകരണത്തിലേക്ക് നയിക്കാനും ഹിന്ദുത്വജണ്ട രാജ്യത്ത് നടപ്പാക്കാനും ആണ് പ്രധാനമന്ത്രി മുൻകൈയെടുത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. അതിനെതിരെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തുക എന്നതാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
 

Share this story