എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വരാം: ചിന്തയെ പിന്തുണച്ച് ഇ പി

പി എച്ച് ഡി വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ഇ പി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വന്നുചേരാം. അത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു
കുറിപ്പിന്റെ പൂർണരൂപം
വളർന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയർത്തിവിടുകയാണ്. യുവജന കമ്മീഷൻ ചെയർപേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങൾ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവൺമെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരിൽ ചിന്തയെ വേട്ടയാടാൻ പലരും രംഗത്ത് ഇറങ്ങി.
യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകൾ അന്യേഷിക്കാതെയുള്ള നീക്കങ്ങൾ നടത്തുന്നതും. ഇത്തരം നീചമായ പ്രവർത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാർത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളർന്നു വരുന്ന ഒരു മഹിളാനേതാവിനെ തളർത്തിക്കളയാമെന്നും തകർത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.
വളർന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളർത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോൺഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളർന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളർച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയിൽ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകൾ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരിൽ. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകൾ നടത്താനും അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികൾ ഈ രാജ്യത്തുണ്ട്. അങ്ങിനെയാണ് കാര്യങ്ങളിൽ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവർ ചെയ്യട്ടെ. അതിനാൽ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളർന്നുവരുന്നവരെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്.