കെഎസ്ആർടിസി ആസ്തികളുടെ മൂല്യനിർണയം നടത്തണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയുടെ ആസ്തികൾ സംബന്ധിച്ച് കൃത്യമായ മൂല്യനിർണയം നടത്തണമെന്ന് ഹൈക്കോടതി. ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരുമാസത്തിനകം മൂല്യനിർണയം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്വകാര്യ ഏജൻസിക്കാണ് ചുമതല നൽകിയിരിക്കുന്നത്.
തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജീവനക്കാർ സൊസൈറ്റികളിൽ നിന്ന് വായ്പയെടുക്കുന്ന തുക ശമ്പളത്തിൽ നിന്ന് ഗഡുക്കളായി പിടിച്ച ശേഷം കെഎസ്ആർടിസിയാണ് സൊസൈറ്റിയിലേക്ക് അടയ്ക്കേണ്ടത്. എന്നാൽ, കഴിഞ്ഞ കുറേക്കാലങ്ങളായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കെഎസ്ആർടിസി തുക പിടിക്കുന്നുണ്ടെങ്കിലും സൊസൈറ്റിയിലേക്ക് അടയ്ക്കുന്നില്ല.
തുടർന്ന് ചാലക്കുടിയിൽ നിന്നുള്ള സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.10 ലക്ഷം രൂപ സൊസൈറ്റിയിൽ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഉത്തരവ് ലംഘിക്കപ്പെട്ടതോടെ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജിയിലാണ് പുനർമൂല്യ മൂല്യനിർണയം നടത്തണമെന്ന് കോടതി നിർദേശിച്ചത്.