വിദ്യയെ ജൂലൈ ആറ് വരെ റിമാൻഡ് ചെയ്തു; ഇന്നും നാളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു
Jun 22, 2023, 15:29 IST

വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ വിദ്യയെ ജൂലൈ ആറ് വരെ റിമാൻഡ് ചെയ്തു. ഇന്നും നാളെയും വിദ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. വിദ്യയുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നലെ രാത്രി 7.40ന് വിദ്യയെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
വൈദ്യപരിശോധനക്ക് ശേഷമാണ് വിദ്യയെ കോടതിയിൽ എത്തിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിദ്യ പ്രതികരിച്ചു. അതേസമയം വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പോലീസും ശ്രമം തുടങ്ങി. ഇതിനായി നാളെ മണ്ണാർക്കോട് കോടതിയിൽ അപേക്ഷ നൽകും.