കളമശേരി പെട്രോൾ പമ്പിൽ അക്രമം; 6 പേർ അറസ്റ്റിൽ
Aug 15, 2023, 19:39 IST

കൊച്ചി: കളമശേരിയിൽ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച യുവാക്കൾ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശികളായ മുഹമ്മദ് സുഹൈൽ, കളമശേരി സ്വദേശികളായ വിശ്വജിത്, നിഷാദ്, മലപ്പുറം സ്വദേശികളായ മുഹമ്മദ് അസ്‌ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശി റിഫാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് ഇവർ പമ്പിൽ സിഎൻജി ഇന്ധനം നിറയ്ക്കാൻ എത്തിയിരുന്നു. ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാറിൽ ഇരിക്കുന്നതിനെ ചൊല്ലി ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടിരുന്നു. അന്ന് തിരിച്ചു പോയെങ്കിലും ഇന്ന് കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.