സ്വപ്‌നതീരമടുത്ത് വിഴിഞ്ഞം തുറമുഖം; വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ജൂലൈ 12-ന്

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12-ന്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും. ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം.

ട്രയൽ വിജയകരമായാൽ ഓണത്തിന് തുറമുഖം കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മലയാളികള്‍ക്ക് ഓണസമ്മാനമായി തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് അദാനി ​ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്. 

Share this story