വിവാദ ഓഡിയോയെ ചൊല്ലി സ്ഥാനാർഥികളുടെ വാക്‌പോര്; വേട്ടയാടൽ ഏശില്ലെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥികൾ തമ്മിൽ വാക്‌പോര്. സൈബർ ആക്രമണവും വേട്ടയാടലും പുതുപ്പള്ളിൽ ഏശില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറഞ്ഞു. സൈബർ ആക്രമണത്തെ തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസും മറുപടി പറഞ്ഞു
ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദ ഓഡിയോ പ്രചരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. മനസാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സിപിഎം വ്യാജ ഓഡിയോകൾ പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
അതേസമയം തന്റെ ഭാര്യക്കെതിരെ വരെ നടക്കുന്ന സൈബർ ആക്രമണത്തെ തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ജെയ്ക്ക് സി തോമസ് ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് അല്ലെന്നും ജെയ്ക്ക് പറഞ്ഞു.