ധർമടം സിഐക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ; എന്ത് സന്ദേശമാണ് നൽകുന്നതെന്ന് സതീശൻ

satheeshan

മകനെ ജാമ്യത്തിലിറക്കാൻ എത്തിയ വയോധികയോട് മോശമായി പെരുമാറിയ ധർമടം എസ് എച്ച് ഒ കെവി സ്മിതേഷിനെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് സതീശൻ ചോദിച്ചു. നിയമം നടപ്പാക്കേണ്ട പോലീസ് അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ധർമടത്ത് കണ്ടത്

പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാരിനും സിപിഎമ്മിനും വേണ്ടപ്പെട്ടവർ എത്ര വലിയ ക്രിമിനൽ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് ധർമടത്തും നടപ്പാക്കുന്നത്. വിഷു ദിനത്തിൽ വൃദ്ധമാതാവ് അടക്കമുള്ള കുടുംബാംഗങ്ങളെ ക്രൂരമായാണ് ധർമടം എസ് എച്ച് ഒ മർദിച്ചത്. സ്റ്റേഷൻ ചുമതലയുള്ള ഈ ഉദ്യോഗസ്ഥൻ അവരുടെ കാറും തല്ലിത്തകർത്തു. ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story