ലോഡ് ഷെഡിങ് ഏർപ്പെടുത്തുമോ; വൈദ്യുതി പ്രതിസന്ധിയിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

Load Shatting

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. ലോഡ് ഷെഡിങ് ഏർപ്പെടുത്തുക, അല്ലാത്ത പക്ഷം കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുക എന്നീ മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. വെള്ളിയാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാവും അന്തിമ തീരുമാനം.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് വൈദ്യുതി പ്രതിസന്ധിയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയാണ് ചെലവ്. ഈ നിലയിൽ തുടർന്നാൽ മതിയോ അതോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ ഉന്നതതല യോഗത്തിൽ തീരുമാനമാവാത്ത സ്ഥിതിയിലാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടാൻ ധാരണയായത്.

ഓണവും പുതുപ്പള്ളി തെരഞ്ഞെടുപ്പും കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണവും സര്‍ചാര്‍ജും ഏര്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാനാണ് സാധ്യത. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്.

Share this story