മുൻ ഭർത്താവ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; പ്രതി റിമാൻഡിൽ

മുൻ ഭർത്താവ് നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിൽ മനം നൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ചീനിക്കോണം ശ്രീജിതാ ഭവനിൽ ശ്രീജയാണ്(46) മരിച്ചത്. 

അറസ്റ്റിലായ മുൻ ഭർത്താവ് തത്തമല സ്വദേശി ശ്രീജിത്തിനെ(47) കോടതി റിമാൻഡ് ചെയ്തു. ശ്രീജയെ ക്രൂരമായി മർദിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനൽ കേസ് പ്രതിയായ പ്രദേശവാസിയുടെ ഫോണിലേക്കാണ്. അഞ്ച് ദിവസം മുമ്പാണ് ശ്രീജിത്തുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് ശ്രീജ ഡിവോഴ്‌സ് നേടിയത്

2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു ശ്രീജിത്ത്. ഈ സംഭവത്തിന് ശേഷമാണ് ശ്രീജ ഇയാളിൽ നിന്ന് അകന്നത്. ജൂൺ 22ന് ഇവർക്ക് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ശ്രീജിത്ത് ക്രൂരമായി മർദിക്കുകയും വീട് തന്റെ പേർക്ക് എഴുതി തരണമെന്നും ആവശ്യപ്പെട്ടു

അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങൾ വലിച്ചു കീറി മൊബൈലിൽ നഗ്ന ചിത്രങ്ങൾ പകർത്തി. ഇത് സമീപവാസിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നാലെയാണ് ശ്രീജ ആത്മഹത്യ ചെയ്തത്.
 

Share this story