ശരീരമാസകലം മുറിവുകൾ, തുടയിലെ മാംസം കടിച്ചെടുത്തു; ഒന്നുറക്കെ കരയാൻ പോലുമാകാതെ നിഹാൽ മടങ്ങി

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്ന നിഹാൽ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ കണ്ണിന്റെ താഴെയും കുഴത്തിന് പുറകിലും അരയ്ക്ക് താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടത് തുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായാണ് കുട്ടി ആക്രമിക്കപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ഓട്ടിസബാധിതനും സംസാര ശേഷിയും ഇല്ലാത്ത കുട്ടിയാണ് നിഹാൽ. നാട്ടുകാർ നടത്തിയ തെരച്ചിലിൽ വീടിന് അരക്കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ രാത്രി ഒമ്പതരയോടെ കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയത്. ശരീരമാസകലം തെരുവ് നായ്ക്കൾ കടിച്ചുപറിച്ച നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു
സംസാരശേഷി ഇല്ലാത്തതിനാൽ തെരുവ് നായ്ക്കൾ ആക്രമിച്ച സമയത്ത് ഉറക്കെ കരയാൻ പോലും നിഹാലിന് സാധിച്ചിരുന്നില്ല. കുട്ടിയുടെ ഉപ്പ വിദേശത്ത് നിന്ന് വിവരമറിഞ്ഞ് തിരിച്ചിട്ടുണ്ട്. ഇദ്ദേഹം നാട്ടിലെത്തിയ ഉടനെ സംസ്‌കാരം നടക്കും.